


തിരുവിതാംകൂറിന്റെ ദേശിംഗനാടായി അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കൊല്ലം ജില്ലയില്‍, അറബി കടലും അഷ്ടമുടി കായലും സംഗമിക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മശാസ്ത ക്ഷേത്രം കുടികൊള്ളുന്നത്. കലിയുഗവരദനും കാരുണ്യവാനും സ്നേഹസ്വരൂപനുമായ ശ്രീധർമശാസ്താവ് നാല് കരകൾക്കും നാഥനായി അഭീഷ്ടവരദായനായി 'കുഞ്ചച്ചമൻ' എന്ന നാമത്തില്‍ കുടികൊള്ളുന്നു.
തിരുവിതാംകൂറിൽ ഒരു മുറജപത്തിൽ പങ്കെടുത്തു മടങ്ങുന്നവഴി ഒരു ശ്രേഷ്ഠ ബ്രാഹ്മണൻ ഇന്നത്തെ ശക്തികുളങ്ങര ദേശത്തെ കുളക്കടവിൽ എത്തി. കുളികഴിഞ്ഞു കുളക്കരയിൽ വെച്ചിരുന്ന തന്റെ പക്കലുള്ള തലമുറകളായി ആരാധിച്ചു പോരുന്ന സാളഗ്രാമം തിരികെയെടുക്കാൻ ശ്രെമിച്ചപ്പോൾ അതു കുളക്കരയിൽ തന്നെ ഉറച്ചുപോയി. എത്ര ശ്രെമിച്ചിട്ടും ആ ദിവ്യന് അതു ഉയർത്താൻ സാധിച്ചില്ല. 'ശക്തി - കുളക്കരയിലോ' എന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു പറഞ്ഞു.ദേവചൈതന്യം മനസ്സിലാക്കിയ അദ്ദേഹം പ്രദേശവാസികളോട് കുളക്കരയിൽ ഇരിപ്പുറപ്പിച്ച ദേവന് ഒരു ക്ഷേത്രം പണികഴിപ്പിക്കണം എന്നും പറഞ്ഞു. അന്നുമുതൽ ആ പ്രദേശം ശക്തികുളങ്ങര എന്ന നാമത്തിൽ അറിയെപ്പെടുകയും അവിടുത്തെ ദേവചൈതന്യം ശക്തികുളങ്ങര ദേശത്തിന്റെ നാഥനായി, കുഞ്ചച്ചമനായി നാടിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കൂട്ടായ്മയ്ക്കും ആധാരമായി കുടികൊള്ളുന്നു.
ക്ഷേത്രകാര്യനിർവ്വഹണം ശക്തികുളങ്ങര, മീനം, കന്നിമേൽ, കുരീപ്പുഴ എന്നീ നാലുകരകളിലെ പ്രതിനിധികളും, കോട്ടൂർ കുടുംബാംഗവും ഉൾപ്പെ ടുന്ന കരേദവസ്വം ബോർഡ് ഓഫ് മാനേജ്മെന്റും, തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവരുന്നു.
'ഇദം ശരീരം കൗന്തേയ ക്ഷേത്ര മിത്യഭി ധീയതേ' എന്ന ഗീത വചനവും 'ദേഹോ ദേവാലയ പ്രോക്കോ ജീവോ ദേവ സദാശിവ' എന്ന കുലാർണ്ണവ തന്ത്രോക്തശ്ലോക ശകലവും ദക്ഷിണ ഇന്ത്യയിലെ ക്ഷേത്ര സങ്കൽപ്പങ്ങൾക്ക് ഉപോത്ബലകമാണ്. ക്ഷേത്രം വാസ്ഥവത്തിൽ ശരീരം തന്നെയാണ്. ദേഹം ദേവാലയമാണ്. അതിനുള്ളിൽ കുടികൊള്ളുന്ന പരബ്രഹ്മ ചൈതന്യം ജീവനുമാണ്.
ആഗമശാസ്ത്രമനുസരിച് നിർമിച്ച ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ തീർത്ത പ്രസന്നവദനനായ തൃക്കയ്യിൽ അമൃതകുംഭേമന്തിയ താരക ബ്രഹ്മസ്വരൂപനായ ധർമശാസ്താവിന്റെ ഷഡാധാര പ്രതിഷ്ഠയാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശാസ്ത്ര, ആത്മീയ, ആചാര വിശ്വാസ സങ്കൽപ്പങ്ങൾ നിറഞ്ഞതാണ് ഓരോ ക്ഷേത്രവും.
പുതുവർഷം പുലരുമ്പോൾ തന്നെ ക്ഷേത്ര അങ്കണം ഉത്സവലഹരിയിൽ ആകും. പുതുവർഷത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന ആദ്യത്തെ വിശേഷാൽ ചടങ്ങാണ് മകരവിളക്ക് മഹോത്സവം.
മകരസംക്രാന്തി ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന ദിവസം മകരവിളക്ക് പൂജാ സമിതിയുടെ നേതൃത്വത്തിൽ നാലുകരയ്ക്കും നാഥനായ കുഞ്ചാച്ചമനിൽ വിശേഷാൽ പൂജകൾക്കു പുറമെ പുഷ്പാലങ്കാരം, ദീപക്കാഴ്ച, പുഷ്പാഭിഷേകം, കലാപരിപാടികൾ എന്നിവ നേർച്ചയായി നടത്തുന്നു.