ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
ഹോംക്ഷേത്ര വിവരംകാവ്പൂജകൾഉത്സവംആനആഡിറ്റോറിയംഗാലറിബന്ധപ്പെടുക

പൂജകൾ

പൂജകൾ

നിത്യപൂജ

പുലരാൻ ഏഴര നാഴിക മുൻപ് ശംഖനാദം മുഴക്കി ഭഗവാനെ പള്ളിയുണർത്തി നിർമ്മാല്യദർശനം നടത്തുന്നു. തുടർന്ന് സപ്തതീർത്ഥങ്ങളെ ആവാഹിച്ച് അഷ്ടദ്രവ്യങ്ങളായ തൈലം, പാൽ, നെയ്യ്, കരിക്ക്, തേൻ, പനീർ, ഭസ്മം, ചന്ദനം എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തുന്നു. തിമിലയുടെയും ചേങ്ങിലയുടെയും അകമ്പടിയോടു കൂടിയാണ് അഭിഷേകം നടത്തുന്നത്. തുടർന്ന് പുഷ്പാഞ്ജലിയും ഭഗവാന് മുഴുക്കാപ്പും നടത്തുന്നു. ഏഴരയോടെ തകിലിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടു കൂടി ഉഷാനിവേദ്യവും ഉഷാപൂജയും നടത്തുന്നു.

തുടർന്ന് ശീവേലി എഴുന്നള്ളത്ത്. ശീവേലിക്ക് ഭഗവാന്റെ പഞ്ചലോഹത്തിൽ തീർത്ത ശീവേലി വിഗ്രഹം ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളിക്കുകയും, കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെ അകമ്പടിയുമായി ഭഗവാന്റെ മേൽനോട്ടം വഹിച്ചുകൊണ്ട് പ്രദക്ഷിണമായി നീങ്ങുന്നു. ദേവതാ രൂപകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു. ബലി തൂകേണ്ട ക്രമം ആരംഭിക്കുന്നത് പാണികൊട്ടി ദേവാവാഹനം ചെയ്യിച്ച് ദേവചൈതന്യത്തെ പുറത്ത് എഴുന്നള്ളിച്ചു കൊണ്ടാണ്. വിളക്കും വാദ്യത്തിനും മുൻപായി ബലിതൂകൽ തുടങ്ങുന്നു. ബലിതൂകുന്നിടത്ത് ദർഭയും പുഷ്പങ്ങളും ആരാധിച്ചു, ദേവകളെ പത്മാസനസ്ഥിതരായി സങ്കല്പിച്ച് ഹവിസ്സും തൂകി ജലം സമർപ്പിച്ച് നിവേദ്യം കൊടുത്ത് പ്രസാദിപ്പിക്കുന്നു. ശ്രീകോവിലിനു ചുറ്റും ബലി അർപ്പിച്ച് ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിൽ പ്രാർത്ഥിച്ച് ഒന്നാം പ്രദക്ഷിണം ധ്വജദേവതകൾക്കും, രണ്ടാം പ്രദക്ഷിണം ഗണദേവതകൾക്കും ബലി തൂകി, മൂന്നാം പ്രദക്ഷിണത്തിൽ ധ്വജമൂർത്തിക്കും എട്ടു ദിക്കുകൾക്കും ദിഗ്ബലിയും ചെയ്ത് വാദ്യാദികൾ കൊടുത്ത് ധൂപദീപ മുദ്രകൾ കാട്ടി മന്ത്രാച്ചാരണത്തോടെ സമർപ്പിക്കുന്നു. ഭഗവാൻ തന്റെ ഭൂതഗണങ്ങളുടെയും പരിവാരങ്ങളുടെയും ക്ഷേമം നേരിട്ട് ദർശിക്കുന്നു എന്നാണ് വിശ്വാസം. നാലമ്പലത്തിനു ചുറ്റും മൂന്ന് പ്രദക്ഷിണശേഷം വിഗ്രഹവുമായി കീഴ്ശാന്തി ശ്രീകോവിലിലേക്ക് പോകുന്നു.

തുടർന്ന് പത്തരയോടു കൂടി ഉച്ചപൂജ. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. ഭഗവാന് പ്രിയപ്പെട്ട ഉണ്ണിയപ്പം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണ് ഈ സമയം ഭഗവാന് നേദിക്കുന്നത്. തുടർന്ന് ഉച്ചശീവേലി എഴുന്നള്ളത്ത്. ശീവേലിക്ക് ശേഷം 11 മണിയോടു കൂടി ക്ഷേത്രം അടയ്ക്കുന്നു.

About Us

Description about temple

Services
Link 1
Information
Link 1
Get in Touch

Shakthikulangara

Kollam

Kerala

email

phone


©Copyright 2025. All Rights Reserved

Privacy Policy