Kunchachaman

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ശക്തികുളങ്ങര

തിരു ആറാട്ട് മഹോത്സവം

ക്ഷേത്രത്തിലെ പ്രധാന ഉത്സവാചാരങ്ങളും അനുബന്ധ ചടങ്ങുകളും.

ഉത്സവ കാലയളവ്

1200 മകം മുതൽ

സ്ഥലം

ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ഉത്സവ സങ്കൽപം

ക്ഷേത്രാഭിവൃദ്ധിക്ക് ഉപാധിയായി വിധിക്കപ്പെട്ടിട്ടുള്ള അനു കാരങ്ങളാണ് ആചാരതപസ്സുകൾ, വേദജപം, പവിത്ര അടിയന്തരങ്ങൾ, ഉത്സവം, അന്നദാനം എന്നിവ.

ഉത്സവം എന്ന പദത്തിന്റെ അർഥം തന്നെ 'ഉദ്ഘോഷം', 'ഊർദ്ധ്വഭാഗത്തേക്കുള്ള പ്രവാഹം' എന്നാണർഥം. ധ്വജാരോഹണത്തോടെ സമാരംഭിക്കുന്ന ഉത്സവകാലങ്ങളിൽ ദേവന്റെ വിഭവസമൃദ്ധമായ പൂജകളും, ദേവതാരപരിവാരങ്ങൾക്ക് ബലിദാനവും, ഭക്തർക്ക് അന്നദാനവും, വിവിധ വാദ്യഘോഷങ്ങളും, അലങ്കാരങ്ങളും എഴുന്നള്ളത്തും, ദീപക്കാഴ്ചയും കലാപരിപാടികളും എല്ലാം തന്നെ ഭക്തിവർദ്ധകങ്ങളായി പ്രശോഭിക്കുന്നു.

ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവങ്ങൾ ക്ഷേത്രചൈതന്യം ക്ഷേത്രത്തിന് വെളിയിൽ ദേശത്തേക്ക് എത്തിക്കാനും സർവ്വ ഐശ്വര്യദായകവുമാകുന്നു.

പാരമ്പര്യം

തലമുറകളായി പിന്തുടരുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും.

ഭക്തി

ദീപങ്ങളും പൂജകളും നിറഞ്ഞ ഭക്തിസാന്ദ്രമായ അന്തരീക്ഷം.

ഐക്യം

ഭക്തജനങ്ങളുടെ കൂട്ടായ്മയും പങ്കാളിത്തവും.

ആഘോഷം

ആത്മീയതയും സംസ്കാരവും ഒത്തുചേരുന്ന മഹോത്സവം.

ഉത്സവത്തിന്റെ പ്രത്യേകതകൾ

പാരമ്പര്യവും ഭക്തിയും ആഘോഷവും ഒത്തുചേരുന്ന ഉത്സവത്തിലെ പ്രധാന ചടങ്ങുകളും അനുഭവങ്ങളും.

01

കൊടിയേറ്റ്

ഉത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന പവിത്രമായ കൊടിയേറ്റ് ചടങ്ങ്.

02

വെള്ളിയാഴ്ച

വാദ്യമേളങ്ങളുടെയും ഭക്തജന പങ്കാളിത്തത്തിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന ആഘോഷ ചടങ്ങുകൾ.

03

എഴുന്നള്ളിപ്പ്

ആചാരപരമായ എഴുന്നള്ളിപ്പും ക്ഷേത്ര പാരമ്പര്യത്തിന്റെ മനോഹരമായ കാഴ്ചകളും.

04

ദീപാരാധന

ദീപപ്രഭയിൽ ഭക്തിസാന്ദ്രമാകുന്ന ക്ഷേത്രാന്തരീക്ഷവും പ്രത്യേക പൂജകളും.

05

അന്നദാനം

ഭക്തജനങ്ങൾക്കായി സ്നേഹപൂർവ്വം ഒരുക്കുന്ന അന്നദാനവും കൂട്ടായ്മയും.

06

ആറാട്ട്

ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പവിത്രമായ ആറാട്ട് ചടങ്ങ്.

ഉത്സവം

കൊടിയേറ്റ്

ഉത്സവത്തോടനുബന്ധിച്ചുള്ള ആദ്യത്തെ ചടങ്ങാണ് കൊടിക്കൂറ ഘോഷയാത്ര. കൊടിയേറ്റിനുള്ള കൊടിക്കൂറ ഭഗവാന് സമർപ്പിക്കുന്നത് മഠത്തിൽ കുടുംബാംഗങ്ങളാണ്. കൊടിയേറ്റിനുള്ള കയർ ഭഗവാന് സമർപ്പിക്കുന്നത് കോയിലാപ്പിൽ കുടുംബാംഗങ്ങളാണ്. വിശേഷാൽ കൊടിയേറ്റിനു മുൻപായി ക്ഷേത്രം മേൽശാന്തി, ദേവസ്വം മാനേജ്മെന്റ്, കരയോഗ പ്രതിനിധികൾ, കോട്ടൂർ കുടുംബാംഗങ്ങൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരുടെ സാന്നിധ്യം വിളിച്ചുചോദിച്ച് ഉറപ്പുവരുത്തുന്ന ചടങ്ങാണ് ഇവിടെ നടക്കാറുള്ളത്. ഇതിനു ശേഷമാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടത്താറുള്ളത്. ക്ഷേത്ര തന്ത്രിമുഖ്യന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് പൂജ നടക്കുന്നത്. ക്ഷേത്ര രാജാംഗണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ സ്വർണ്ണക്കൊടിമരത്തിലാണ് കൊടിയേറ്റ് നടക്കുന്നത്.

ഭക്തജനങ്ങളുടെയും, നാലുകരക്കാരുടെയും, കോട്ടൂർ കുടുംബത്തിന്റെയും, ദേവസ്വം ബോർഡിന്റെയും സാന്നിധ്യത്തിൽ തന്ത്രി ഉത്സവത്തിനായുള്ള കൊടിയേറ്റിന് അനുമതി തേടുന്നു. “സർക്കാരും, നാലുകരക്കാരും, കോട്ടൂരും വന്നിട്ടുണ്ടോ? കൊടി കയറ്റട്ടെ, കൊടി കയറ്റട്ടെ” എന്ന് മൂന്നുതവണ ഉറക്കെ വിളിച്ചുചോദിച്ച് അനുമതി നേടി, പഞ്ചവാദ്യത്തിന്റെയും ശംഖുവിളിയുടെയും ശരണംവിളികളുടെയും അന്തരീക്ഷത്തിൽ, ഉരുൾനേർച്ചയ്ക്കായി ഈറനണിഞ്ഞ പുരുഷാരത്തെയും ഭക്തന്മാരെയും, ദീപം തെളിയിക്കുന്ന ഭക്തകളെയും, ആകാശത്തു വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെയും സാക്ഷിയാക്കി തൃക്കൊടി ഉയരുകയായി.

കൊടിയേറ്റ് കഴിഞ്ഞാൽ ക്ഷേത്രക്കുളത്തിൽ മുങ്ങി ശയനപ്രദക്ഷിണം ചെയ്യാൻ ഭക്തന്മാരുടെയും പുരുഷന്മാരുടെയും നീണ്ട നിര തന്നെ കാണാം. ഉത്സവത്തിന്റെ ഭാഗമായുള്ള കരപരിചയങ്ങളാണിവ. കന്നിമേൽ, കുരീപ്പുഴ കരക്കാർ വടക്കേ കളത്തിലിരുന്നും, ശക്തികുളങ്ങര, മീനം കരക്കാർ തെക്കേ കളത്തിലിരുന്നും കൂടിയിരുന്ന് ഉത്സവാഘോഷങ്ങളുടെ ചർച്ചകൾ നടത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആചാരം മുറതെറ്റാതെ ഇന്നും നിലനിർത്തിവരുന്നു.

ഉത്സവം

കൊടിയേറ്റ് സദ്യയും അങ്കി ഘോഷയാത്രയും

കൊടിയേറ്റിനു ശേഷം ക്ഷേത്രത്തിന്റെ വടക്കേ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പുരാതനമായ ഊട്ടുപുരയിൽ കൊടിയേറ്റ് സദ്യ നടത്തുന്നു. തെച്ചഴുത്ത് കുടുംബക്കാരാണ് കൊടിയേറ്റ് സദ്യ നടത്തുന്നത്.

അന്നേദിവസം തന്നെ വൈകുന്നേരം ഭഗവാന് ചാർത്താനുള്ള തങ്കഅങ്കിയും തങ്കകിരീടവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കുന്നു. ദീപങ്ങളുടെയും, പഞ്ചവാദ്യത്തിന്റെയും, ഭക്തജനങ്ങളുടെ ഭജനയുടെയും അകമ്പടിയോടുകൂടി രാജവീഥികളിലൂടെ ഭക്തജനങ്ങളുടെ ഭക്ത്യാദരപൂർവ്വമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തിച്ചേരുന്നു. അതിനുശേഷം ദീപാരാധന നടത്തുന്നു.

ഓരോ പറ വഴിപാടിനും ഓരോ പ്രത്യേക ഫലങ്ങളുണ്ടെന്നാണ് വിശ്വാസം:

01

നെൽപ്പറ

കുടുംബ ഐശ്വര്യത്തിനും യശസ്സിനും.

02

അവൽപ്പറ

രോഗശമനത്തിനും.

03

മലർപ്പറ

ആഗ്രഹസാഫല്യത്തിനും.

04

ശർക്കരപ്പറ

ശരീരസൗഖ്യത്തിനും.

05

നാളികേരപ്പറ

ദോഷങ്ങൾ നീങ്ങുവാനും.

06

പൂപ്പറ (പുഷ്പപ്പറ)

മാനസിക വിഷമങ്ങളിൽ നിന്നും മുക്തി നേടാനും.

07

എള്ളുപ്പറ

ദീർഘായുസ്സിനും.

08

പഴപ്പറ

കാർഷിക അഭിവൃദ്ധിക്കും.

09

മഞ്ഞൾപ്പറ

മംഗല്യഭാഗ്യത്തിനും.

10

നാണയപ്പറ

ധനസമൃദ്ധിക്കുവേണ്ടിയും സമർപ്പിക്കുന്നു.

ഉത്സവം

പറയെഴുന്നള്ളത്തും അനുബന്ധ ചടങ്ങുകളും

ദീപാരാധനയ്ക്ക് ശേഷം ആചാരപ്രകാരം പറയെടുപ്പിന് തുടക്കം കുറിക്കുന്നത് ആനപ്പന്തിയിൽ പറ എടുത്തുകൊണ്ടാണ്. ശക്തികുളങ്ങര കണ്ടനാപിറവൂർ കുടുംബാംഗങ്ങളാണ് ആനപ്പന്തിയിൽ ആദ്യത്തെ പറ സമർപ്പിക്കുന്നത്. ആനപ്പന്തിയിൽ പറ എടുത്ത ശേഷം ശ്രീഭൂതബലിയും വിളക്കെഴുന്നള്ളത്തും നടത്തുന്നു. തുടർന്ന് എല്ലാ വർഷവും ഉത്സവപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ദിവസം ദശാബ്ദങ്ങളായി കേരളത്തിന്റെ തനത് കലാരൂപമായ കഥകളി നടത്തിവരുന്നു. കഥകളി ആസ്വദിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഥകളി പ്രേമികൾ എത്തിച്ചേരാറുണ്ട്.

ഉത്സവദിനങ്ങളിൽ ശക്തികുളങ്ങര കൊഞ്ചരി കുടുംബത്തിന്റെ സമർപ്പണമായി കുഞ്ചാച്ചമന് കൊടിയേറ്റ് ദിവസം വൈകിട്ട് രണ്ട് വാഴക്കുലയും കരിക്കും, രണ്ടാം ഉത്സവദിവസം മുതൽ രാവിലെ കവുങ്ങിൻ പാളയിൽ തീർത്ത വിശറി, കവുങ്ങിൻ പാളയിൽ തീർത്ത കുത്തുപാള, രണ്ട് വാഴക്കുല, കൂടാതെ പള്ളിവേട്ടയ്ക്കായി രണ്ട് മുള എന്നിവയും, പള്ളിവേട്ട കഴിഞ്ഞ് ആറാട്ടുദിവസം ഭഗവാനെ കണികാണാൻ ഒരു തുടിയിൽ മൂന്ന് ചക്ക, ഒരു തുടിയിൽ മൂന്ന് മാങ്ങ, ഒരു കിഴിയിൽ മൂന്ന് അടയ്ക്ക എന്നിവ എത്തിച്ചുകൊടുക്കാനുള്ള അവകാശമായി ഇത് തുടർന്നുപോരുന്നു. ഇതിന്റെ ദക്ഷിണയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു നാണയവും, കൺവെൻഷൻ ഉത്സവദിനങ്ങളിൽ രണ്ട് പടച്ചോറും, അൻപൊലിവ് ദിവസം എട്ട് പടച്ചോറും പ്രതിഫലമായി നൽകിവരുന്നു.

ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള നിത്യപൂജകൾക്ക് പുറമെ ദേവന് വിശേഷാൽ പൂജകളും നടത്താറുണ്ട്. സാധാരണ ദിവസങ്ങളിലെ ശീവേലിക്ക് പുറമെ രാവിലെ ശ്രീഭൂതബലി എഴുന്നള്ളത്ത് നടത്താറുണ്ട്. ശീവേലിയുടെ വിസ്തരിച്ചുള്ള പൂജാരീതിയത്രേ ശ്രീഭൂതബലി. ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ ദിവസവും ഭക്തന്മാരുടെയും യുവാക്കളുടെയും ഉരുൾനേർച്ച ഭഗവാന് നടത്താറുണ്ട്. വാദ്യമേളങ്ങളുടെയും ദീപം തെളിയിക്കുന്ന ഭക്തകളുടെയും അകമ്പടിയോടുകൂടിയാണ് ശ്രീഭൂതബലി എഴുന്നള്ളത്ത് നടത്താറുള്ളത്. ശ്രീഭൂതബലി കഴിഞ്ഞാൽ ഭഗവാന്റെ പറയെഴുന്നള്ളത്താണ്. ഭഗവാൻ തന്റെ ഭക്തജനങ്ങളെ നേരിൽ കണ്ട് അനുഗ്രഹം ചൊരിയുകയും ഭക്തജനങ്ങളുടെ സ്നേഹാദരവ് ഏറ്റുവാങ്ങുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ സങ്കല്പം.

ഭഗവാന്റെ ചൈതന്യാംശം മാത്രമേ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകാറുള്ളൂ. ആയതിനാൽ തന്നെ ഇവിടെയും ഈ സമയത്തും ക്ഷേത്രദർശനം സാധ്യമാണ്. കാലാകാലങ്ങളായി മുൻകൂട്ടി നിശ്ചയിച്ച ദേശവീഥികളിലൂടെ മാത്രമേ ഭഗവാൻ പറയെഴുന്നള്ളത്ത് നടത്താറുള്ളൂ. ആയതിനാൽ തന്നെ ഈ ദേശവീഥിയുടെ പരിധിക്ക് പുറത്തുള്ള ഭക്തജനങ്ങൾക്കും അന്യദേശക്കാർക്കും പറ സമർപ്പിക്കാനുള്ള അവസരം ദിവസേന ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ പറയെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ ക്ഷേത്രസന്നിധിയിൽ ലഭിക്കുന്നു. ആചാരപ്രകാരം അന്നേദിവസത്തെ പറ സ്വീകരിക്കുന്ന ദേശത്തെ ഭക്തകളാണ് ശ്രീഭൂതബലി സമയത്ത് ഭഗവാന്റെ സന്നിധിയിൽ വിളക്ക് നേർച്ചയായി എടുക്കാറുള്ളത്.

പറയെഴുന്നള്ളത്ത് പുറപ്പെട്ടതിനു ശേഷം ക്ഷേത്രത്തിൽ വിധിപ്രകാരമുള്ള നിത്യപൂജകൾ നടത്തി ഉച്ചയോടുകൂടി ക്ഷേത്രം അടയ്ക്കുന്നു. തുടർന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി ക്ഷേത്രം തുറക്കുകയും, പറ സ്വീകരിച്ചിട്ട് ക്ഷേത്രത്തിലേക്ക് മടങ്ങിവരുന്ന ഭഗവാന്റെ ചൈതന്യത്തെ സ്വീകരിക്കാനായി വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി കാഴ്ചശീവേലി എഴുന്നള്ളത്ത് ആനപ്പന്തിയിൽ ആരംഭിക്കുന്നു. മടങ്ങിവരുന്ന ഭഗവാനെ സ്വീകരിച്ചതിനു ശേഷം ദീപാരാധന. പിന്നീട് ശീവേലിക്കും ശ്രീഭൂതബലിക്കും ശേഷം നട അടയ്ക്കുന്നു.

ഭക്തജനങ്ങൾ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായിട്ടാണ് ഭഗവാന് പറ വഴിപാട് സമർപ്പിക്കുന്നത്. ഭഗവാന്റെ അംശാവതാരമായ ആനപ്പുറത്ത് എഴുന്നള്ളി, ഭക്തജനങ്ങൾ സമർപ്പിക്കുന്ന പറ വഴിപാട് ഭഗവാൻ സ്വീകരിക്കുന്നു. നെല്ല്, അരി, അവൽ, മലർ, ശർക്കര, നാളികേരം, പുഷ്പം, മഞ്ഞൾ, പഴം, എള്ള്, നാണയം എന്നിവയാണ് പ്രധാനമായും നിറപറയായി ഭഗവാന് സമർപ്പിക്കാനുള്ളത്.

ഉത്സവം

അൻപൊലിവ് - എട്ടാം ഉത്സവം

എട്ടാം ഉത്സവദിനമായ അൻപൊലിവ് ദിവസമാണ് ക്ഷേത്രത്തിൽ ഉത്സവബലി നടക്കുന്നത്. ഉത്സവച്ചടങ്ങുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ചടങ്ങാണ് ഉത്സവബലി. പവിത്രമായി നടത്തുന്ന ശീവേലി, വിശേഷദിവസങ്ങളിൽ നടത്തുന്ന ശ്രീഭൂതബലി എന്നിവയിൽ നിന്നും വ്യത്യസ്തമായി തന്ത്രിയുടെ കാർമ്മികത്വത്തിൽ ഭഗവാന്റെ ഭൂതഗണങ്ങൾക്ക് അഷ്ട ഉപചാരങ്ങളും ഹവിസ്സും സമർപ്പിക്കുന്ന ക്രിയയാണിത്.

ഭഗവാനെ ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മാതൃകയ്ക്ക് സമീപം എഴുന്നള്ളിച്ചിരുത്തി ദേവൻ നടത്തുന്ന ദീപാരാധന ദർശിക്കുന്നത് അതിവിശിഷ്ടമായി കരുതുന്നു. ഉത്സവബലിക്ക് ശേഷം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഉത്സവബലി സദ്യ നടത്തുന്നു. കോട്ടൂർ കുടുംബക്കാരാണ് ഈ സദ്യ നടത്തുന്നത്.

വൈകുന്നേരം അഞ്ചരയോടെ ക്ഷേത്രം തുറക്കുകയും, സർവ്വാഭരണവിഭൂഷിതനായി, തങ്കകിരീടം ചാർത്തി അശ്വാരൂഢനായ ഭഗവാൻ ഭക്തജനങ്ങൾക്കായി ദർശനം അരുളുകയും ചെയ്യുന്നു. തുടർന്ന് ക്ഷേത്രത്തിൽ കാഴ്ചശീവേലി എഴുന്നള്ളത്ത് ആരംഭിക്കുന്നു.

അൻപൊലിവ് ദിവസം രാവിലെ മുതൽ തന്നെ ക്ഷേത്രസന്നിധി കരയിലെ യുവാക്കളുടെ കൂട്ടായ്മയായ 'ടെമ്പിൾ ബ്രദേഴ്സ്' ആഭിമുഖ്യത്തിൽ വൃത്തിയാക്കി, ചാണകം മെഴുകി ശുദ്ധിവരുത്തി, അൻപൊലിവ് ഉത്സവ കാഴ്ചകൾക്കായി ഒരുക്കുന്നു. ക്ഷേത്രസന്നിധി ആരംഭിക്കുന്ന കിഴക്ക് ഭാഗം മുതൽ പടിഞ്ഞാറ് ആനപ്പന്തി വരെ, വടക്ക് അഭിമുഖമായി പുഷ്പാലങ്കാരം, മുത്തുക്കുടകൾ, നിശ്ചലദൃശ്യങ്ങൾ, ദീപാലങ്കാരങ്ങൾ എന്നിവ വർണ്ണാഭമായ രീതിയിൽ അലങ്കരിക്കുന്നു. കുഞ്ചാച്ചമന് 'ടെമ്പിൾ ബ്രദേഴ്സ്' നേർച്ചയായി സമർപ്പിക്കുന്ന '101 നിറപറ' ദേവഹിതപ്രകാരം കുഞ്ചാച്ചമന് വിശിഷ്ടമായ ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പുഷ്പങ്ങൾ കൂടാതെ നാണയം എന്നിവ നൂറ്റി ഒന്ന് ചെമ്പ് പറകളിൽ നിറച്ച് വർണ്ണാഭമായ അലങ്കാരത്തോടെ സമർപ്പിക്കുന്നു.

അതോടൊപ്പം തന്നെ കേരളത്തിലെ പ്രശസ്തരായ വാദ്യകലാകാരന്മാരുടെ നേതൃത്വത്തിൽ ആൽത്തറമേളവും അഞ്ചിൽപരം ഗജരാജന്മാർ പങ്കെടുക്കുന്ന കാഴ്ചശീവേലിയും ഭഗവാന് സമർപ്പിക്കുന്നു. ഈ അപൂർവ്വ കാഴ്ച കാണാൻ അന്യദേശത്തുനിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. തുടർന്ന് അന്നേദിവസത്തെ പറയെഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുകയും അൻപൊലിവ് ഉത്സവ കാഴ്ചയായ 101 പറയും വാദ്യമേളങ്ങളും സ്വീകരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയും, തുടർന്ന് ഭഗവാന് ദീപാരാധന നടത്തുന്നതുമാണ്. സമ്പൽസമൃദ്ധിയോടുകൂടി സർവ്വാഭരണവിഭൂഷിതനായ അശ്വാരൂഢനായ കലിയുഗവരദന്റെ അന്നേദിവസത്തെ ദീപാരാധന ദർശനം ഓരോ ഭക്തനും ജന്മപുണ്യമായി കരുതപ്പെടുന്നു.

ധർമ്മപരിപാലന ആശ്രമത്തിന്റെ വകയായി ഭഗവാന് സമർപ്പിക്കുന്ന ആനപ്പന്തിയിലെ പറ സ്വീകരിക്കുന്നതിനായി ഭഗവാൻ എഴുന്നള്ളുന്നു. വാദ്യമേളങ്ങളോടും ദീപം തെളിയിക്കുന്ന ഭക്തകളുടെയും അകമ്പടിയോടും കൂടി കുഞ്ചാച്ചമൻ ആൽത്തറമൂട്ടിൽ എത്തി പറ സ്വീകരിക്കുന്നു. തുടർന്ന് കുളം കോരൽ കർമ്മത്തിന് ശേഷം തിരികെ എഴുന്നള്ളുകയും, ശേഷം ശ്രീഭൂതബലിയോടുകൂടി എട്ടാം ഉത്സവം സമാപിക്കുകയും ചെയ്യുന്നു.

ഉത്സവം

ഒൻപതാം ഉത്സവം - പള്ളിവേട്ട

ഉത്സവത്തിന്റെ ഭാഗമായുള്ള വിശേഷാൽ പൂജകളിലൂടെയും, ആചാരകർമ്മങ്ങളിലൂടെയും ചൈതന്യപുഷ്ടി നേടി അശ്വാരൂഢനായി, രാജകീയ പ്രൗഢിയോടുകൂടിയുള്ള ഭഗവാന്റെ ചൈതന്യം ദേവന്റെ അനുജ്ഞയോടെ ഉത്സവവിഗ്രഹത്തിലേക്ക് ആവാഹിച്ച് ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് എഴുന്നള്ളിക്കുന്നത് ദേവചൈതന്യം ആ ദേശമാകെ വ്യാപിക്കുന്നതിന്റെ പ്രതീകമാണ്. ദേശം മുഴുവൻ ദേവനെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങിയിരിക്കണം. കുടുംബങ്ങളിൽ എല്ലാവരും ഒത്തുചേരണമെന്നാണ് പ്രമാണം. ദേവചൈതന്യം ദേശത്തിന്റെ അതിർത്തി വരെ എഴുന്നള്ളുന്നു.

ദേശരക്ഷയ്ക്കായി ദുഷ്ടനിഗ്രഹം നടത്തുന്ന ഭഗവാന്റെ പ്രതീകാത്മക വേട്ടയാണ് പള്ളിവേട്ട എന്ന ആചാരം. മനുഷ്യ മനസ്സുകളെ പ്രതിനിധാനം ചെയ്താൽ, പ്രാഥമിക മനസ്സിന്റെ അതിർത്തികൾക്കപ്പുറം അബോധമനസ്സിൽ കുടികൊള്ളുന്ന അസുരപ്രവണതകളെ വേട്ടയാടി നശിപ്പിക്കുന്നു എന്നും സങ്കല്പം. ആകയാൽ പള്ളിവേട്ട ദർശനം മഹാപുണ്യവും ചൈതന്യ പ്രസരണവുമായി കണക്കാക്കപ്പെടുന്നു.

പള്ളിവേട്ട ദിവസം മറ്റ് ഉത്സവദിവസങ്ങളിൽ നിന്നും വിഭിന്നമായി അഞ്ചിൽ കുറയാത്ത ഗജവീരന്മാരുടെ അകമ്പടിയോടുകൂടി പ്രൗഢഗംഭീരമായാണ് രാവിലെ പത്തുമണിക്ക് ശ്രീഭൂതബലി നടത്താറുള്ളത്.

ശക്തികുളങ്ങര കരയിലെ പറയെടുപ്പ് 1204-ാം നമ്പർ ശക്തികുളങ്ങര എൻ.എസ്.എസ് കരയോഗത്തിൽ അവസാനിച്ചു. ഭഗവാൻ ക്ഷേത്രസന്നിധിയിൽ മടങ്ങിയെത്തുമ്പോൾ പെരുമ്പറ മുഴക്കി, കേരളത്തിലെ എണ്ണം പറഞ്ഞ ഗജരാജാക്കന്മാരുടെ അകമ്പടിയിൽ, ഗജരാജപ്പുറത്തേറി ഭഗവാന്റെ പള്ളിവേട്ട കാഴ്ചകൾ ഒരുങ്ങുകയായി. ക്ഷേത്രസന്നിധിയിൽ കിഴക്കുനോക്കി നിൽക്കുന്ന ഭഗവാനെ വണങ്ങാൻ ഭക്തജനസാഗരം ഒഴുകിയെത്തുകയായി.

കുരീപ്പുഴ, കന്നിമേൽ, മീനം കരകളുടെ എടുപ്പുകുതിരകൾ (വെള്ളപ്പുറം) പുരുഷാരം മുഴക്കി, വാദ്യമേളത്തിന്റെയും ശരണവിളികളുടെയും അകമ്പടിയോടുകൂടി ദേശീങ്ങനാടിന്റെ രാജവീഥികളെ പുളകമണിയിച്ച്, വള്ളിക്കീഴ്, പൂവൻപുഴ, കാവനാട്, ആൽത്തറമൂട് കടന്ന്, ചെള്ളിമുക്ക് വഴി ക്ഷേത്രസന്നിധിയിൽ എത്തുമ്പോൾ ശക്തികുളങ്ങര കരയുടെ എടുപ്പുകുതിര സന്നിധിക്ക് വടക്കുഭാഗത്തായി നിരത്തി വെച്ചിട്ടുണ്ടാകും.

കുതിരയെടുപ്പ് നാലുകരയിലെയും പുരുഷന്മാർ ആചാരപൂർവ്വം ചെയ്തുവരുന്ന ഭഗവദ് നേർച്ചയാണ്. എടുപ്പുകുതിരകൾ ക്ഷേത്രസന്നിധിയിൽ നിരന്നുനിൽക്കുന്ന കാഴ്ച ഭക്തജനങ്ങളെ ആവേശത്തിന്റെ കൊടുമുടികളിൽ എത്തിക്കും. പള്ളിവേട്ട ദിവസം കുതിരയെടുത്തുവരുന്ന പുരുഷാരത്തിനും ഭക്തജനങ്ങൾക്കും ക്ഷീണമകറ്റാൻ ക്ഷേത്രസന്നിധിയുടെ തെക്കുപടിഞ്ഞാറേ കോണിലായി തനിമയാർന്ന ഔഷധപാനീയം — പശുവിൻ പാലിൽ കടഞ്ഞെടുത്ത, ഔഷധമിശ്രിതങ്ങളുടെ പ്രത്യേക കൂട്ടാൽ തയ്യാറാക്കിയ സംഭാരം — ശക്തികുളങ്ങര കരയിലെ ആവിയിൽ കുടുംബം ആചാരപരമായി നൽകി വരുന്നു.

യഥാക്രമം കുരീപ്പുഴ, കന്നിമേൽ, മീനം കരകളുടെ കുതിരയും, ഭഗവാനോട് അകമ്പടി സേവിച്ച് ശക്തികുളങ്ങര കരയുടെ കുതിരയും നാലമ്പലത്തിൽ ഭഗവാനോടൊപ്പം മൂന്നു തവണ വലംവെക്കുകയായി. തുടർന്ന് ദീപാരാധനയും, വെടിക്കെട്ടും, കാഴ്ചശീവേലിയും നടക്കുന്നു.

ഉത്സവം

കാപ്പുബലി

ദീപാരാധന കഴിഞ്ഞ് കരക്കാർക്കും ക്ഷേത്ര ഭരണസമിതിക്കും നൽകി വരുന്ന ആചാരപരമായ നന്ദിയും യാത്രപറച്ചിലുമാണ് കാഴ്ചകുളി. ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർത്തിയ ഭദ്രദീപം കൊടിമുട്ടിൽ എത്തിച്ച്, ആ ദീപപ്രഭയിൽ മീനം കരക്കാരുടെ വാദ്യമേളം ആചാരപരമായി നടത്തിയതിനു ശേഷം, കരകളോടുള്ള ആദരസൂചകമായി കുതിരക്കെട്ടുകൺവീനർമാർക്കും ക്ഷേത്ര ഭരണസമിതി അംഗങ്ങൾക്കും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി പ്രസാദവിതരണം നടത്തും.

കാഴ്ചകുളിക്കുശേഷം കരക്കാർ എടുപ്പുകുതിരകൾ തിരികെ അതത് കരകളിൽ എത്തിക്കുവാനുള്ള തിരക്കിലാകും. അടുത്തദിവസം സൂര്യോദയത്തിന് മുൻപുതന്നെ 11 കോൽ വരെയുള്ള എടുപ്പുകുതിരകളാക്കി മാറ്റാനുള്ള തിരക്കിലായിരിക്കും. കുതിരയെടുപ്പും, ദീപാരാധനയും, അത്താഴപൂജയും കഴിഞ്ഞ് കുഞ്ചാച്ചമൻ ആനപ്പുറത്തേറി ആചാരപ്രകാരം ക്ഷേത്രം തന്ത്രി, “സർക്കാരും, നാലുകരക്കാരും, കോട്ടൂർക്കാരും വന്നിട്ടുണ്ടോ, പള്ളിവേട്ടയ്ക്ക് പുറപ്പെടാമോ” എന്ന് ആരാഞ്ഞ്, പള്ളിവേട്ടയ്ക്കായി വാദ്യമേളങ്ങളുടെയോ ശരണവിളികളുടെയോ അകമ്പടിയില്ലാതെ ആൽത്തറമൂട്ടിലേക്ക് പുറപ്പെടുന്നു. ഈ യാത്ര ശരിക്കും ഒരു വേട്ടയ്ക്ക് പോകുന്നതിന്റെ ഭാവത്തിൽ ആചാരമായി നിലകൊള്ളുന്നു.

ഉത്സവം

പള്ളിവേട്ടയും സമാപനവും

ആൽത്തറമൂട്ടിൽ എത്തി ആൽത്തറയിൽ പ്രതീകാത്മക വേട്ട നടത്തി ഭഗവാൻ തിരികെ വാദ്യമേളങ്ങളുടെയും, ദീപം തെളിയിക്കുന്ന ഭക്തകളുടെയും അകമ്പടിയോടെ തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. പള്ളിവേട്ടയിൽ ഭഗവാന്റെ പ്രതിരൂപമായി അമ്പെയ്യുന്നത് പക്കായിൽ കുടുംബത്തിന്റെ പ്രതിനിധിയാണ്. ഇത് അന്നുതൊട്ടേയുള്ള ആചാരമനുസരിച്ച് തുടർന്നുപോരുന്നു. പള്ളിവേട്ടത്തറയിൽ പള്ളിവേട്ടയ്ക്ക് ശേഷം വിളക്കിരിപ്പും, നാദസ്വരക്കച്ചേരിയും, വെടിക്കെട്ടും പവിത്രമായി നടന്നുവരുന്നു.

പള്ളിവേട്ട കഴിഞ്ഞ് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭഗവാനെ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ശ്രീകോവിലിന് പുറത്തായാണ് പള്ളിയുറക്കം. പള്ളിവേട്ട കഴിഞ്ഞു വരുന്ന ദേവൻ വിശ്രമാർത്ഥം ഉറങ്ങുന്നു എന്ന സങ്കല്പത്തേക്കാൾ സത്യത്തോട് അടുത്തത്, ക്ഷേത്രം ആകുന്ന യോഗീശ്വരൻ സമാധി പൂകുന്നു എന്നതാണ്. ക്ഷേത്ര ദേവന്റെ ഗുരുനാഥനായ തന്ത്രി അവിടെ ഉറങ്ങാതെ ഭഗവാനെ സർവ്വാത്മനാ സംരക്ഷിക്കുന്നു.

കുഞ്ചാച്ചമന്റെ പള്ളിവേട്ടയുടെ പിറ്റേദിവസം, പള്ളിവേട്ടത്തറയുടെ പരിസരത്തായി പക്ഷിമൃഗാദികളുടെ ജഡാവശിഷ്ടങ്ങൾ കാണുവരുന്നു എന്നത് ഇന്നും അത്ഭുതകരമായ ഒരു വിശ്വാസമായി തുടരുന്നു.

ഉത്സവം

ആറാട്ട് - പത്താം ഉത്സവം

ആറാട്ട് സങ്കല്പം

ഉത്സവദിനങ്ങളിലെ സുദീർഘമായ ആചാരാനുഷ്ഠാനങ്ങൾക്കും, ക്ഷേത്രമതിൽക്കെട്ടിനു പുറത്തുള്ള ഭക്തജന ക്ഷേമാന്വേഷണ യാത്രകൾക്കും, പള്ളിവേട്ടയ്ക്കും ശേഷം, ഭഗവാന്റെ തീർത്ഥസ്നാനമാണ് ആറാട്ട് മഹോത്സവം. വാദ്യമേളങ്ങളുടെയും വാളേന്തിയ സേവകന്റെയും അകമ്പടിയോടുകൂടി ആറാട്ടുകടവിലെത്തി ദേവന് മഞ്ഞൾപ്പൊടി ചാർത്തി ആറാട്ടുബലിയും പിന്നീട് തിരുവാറാട്ടും നടത്തുന്നു. ഭഗവാന്റെ ആറാട്ടിനു ശേഷം അമൃതപ്രവാഹമായി മാറിയ ആ പുണ്യതീർത്ഥം ശിരസ്സിൽ തളിച്ച് ഭക്തജനങ്ങൾ പുണ്യം നേടുന്നു. ആറാടിയ ഭഗവാൻ ക്ഷേത്രസന്നിധിയും കടന്ന് മതിലകത്തെത്തിയ ശേഷം കൊടിയിറക്കി, തിടമ്പിൽ നിന്നും ഭഗവാനെ മൂലവിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടെ ഉത്സവ ആഘോഷങ്ങൾ സമ്പൂർണ്ണമാകുന്നു.

പതിവിലും വൈകിയാണ് ആറാട്ടുദിവസം ക്ഷേത്രം തുറക്കുന്നത്. ഭഗവാനെ പള്ളിയുണർത്തി പശുക്കിടാവിനെ കണികാണിച്ച്, ശുദ്ധീകരണ ചടങ്ങുകൾ കഴിഞ്ഞ് തന്ത്രിമുഖ്യന്റെ മുഖ്യകാർമ്മികത്വത്തിൽ കുഞ്ചാച്ചമനെ ശ്രീകോവിലിൽ കുടിയിരുത്തും. തുടർന്ന് തിരുആറാട്ടു ആചാരങ്ങളും ആഘോഷങ്ങളും തുടങ്ങുകയായി.

ആറാട്ടുദിവസം കാലാകാലങ്ങളായി ക്ഷേത്ര പരിസരത്തുള്ള വീടുകളിൽ ഓഴിക്കൽ വെന്മാരുടെ സാന്നിധ്യം കാണാറുണ്ട്. പഴമക്കാർ കണ്ണേറുദോഷം, നാവുദോഷം എന്നിവയിൽ വിശ്വസിച്ചിരുന്നു. വിശ്വാസമനുസരിച്ച് കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഗൃഹത്തിനും വൃക്ഷലതാദികൾക്കുപോലും ഇത്തരം ദോഷങ്ങൾ വരാറുണ്ട്. ഇതിനു പരിഹാരമായി പഞ്ചഗവ്യവും പായുടെ ഇലയും ഉപയോഗിച്ചുള്ള ഓഴിക്കലും നാവുദോഷ പരിഹാരവും നടത്താറുണ്ട്.

ആറാട്ടുദിവസം ഭഗവാന്റെ ചൈതന്യം പുറംതളികാട്ടി ഉത്സവവിഗ്രഹത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ആറാട്ടിനായി പ്രസന്നവദനനായ കുഞ്ചാച്ചമന്റെ രൂപം ചാർത്തിയ തിടമ്പും, അതിലെ പുഷ്പാലങ്കാരവും, തിടമ്പേറ്റിയ ഗജശ്രേഷ്ഠന്റെ അലങ്കാരങ്ങളും ഓരോ വർഷവും വർണ്ണാഭവും മികവുറ്റ കാഴ്ചയുമാക്കി മാറ്റാൻ ഈ ദേശക്കാർ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. തിടമ്പിൽനിന്നാരംഭിച്ച് ഗജശ്രേഷ്ഠന്റെ തുമ്പിക്കൈ അറ്റം വരെ നീളുന്ന മനോഹരമായ പുഷ്പാലങ്കാരങ്ങളോടും, മുത്തുക്കുടയും ചൂടി, ആ വട്ടവെഞ്ചാമരം പ്രൗഢിയോടെ ക്ഷേത്രഗോപുര വാതിൽ കടന്നുവരുന്ന കുഞ്ചാച്ചമന്റെ ദൃശ്യം വിസ്മയകരവും, അവരണനീയവുമാണ്. ഇത് ദേശങ്ങളിൽ പോലും പ്രസിദ്ധവുമാണ്.

ആറാട്ട് ഘോഷയാത്ര

കുഞ്ചാച്ചമന്റെ ആറാട്ടു ഘോഷയാത്ര ദേശീങ്ങനാടിന്റെ ഐക്യത്തിന്റെയും, ഒത്തുചേരലുകളുടെയും, നാടിന്റെ പ്രൗഢിയുടെയും മഹത്വം ലോകരെ വിളിച്ചറിയിക്കുന്നതാണ്. ആറാട്ടുത്സവദിനം കുഞ്ചാച്ചമനെ വണങ്ങി അനുഗ്രഹം തേടി വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും, സാംസ്കാരിക സംഘടനകളുടെയും, കരയോഗങ്ങളുടെയും നേതൃത്വത്തിൽ വമ്പിച്ച കെട്ടുകാഴ്ചകൾ ഒരുങ്ങുന്നു. അതോടൊപ്പം കേരളത്തിന്റെ അഴകും ഐശ്വര്യവും നിറഞ്ഞ പ്രസിദ്ധരായ ഗജരാജാക്കന്മാരുടെ നീണ്ട നിരയും ഒരുങ്ങുന്നു. 50 മുതൽ 100 വരെ എണ്ണം പറഞ്ഞ ശ്രേഷ്ഠ ഗജവീരന്മാർ ആറാട്ടുഘോഷയാത്രയിൽ അണിനിരക്കും. ഗുരുവായൂർ ആനക്കോട്ടയിലെയും തിരുവിതാംകൂറിലെയും അഴകുള്ള പ്രസിദ്ധമായ മാതംഗകേസരികളുടെ സംഗമവേദിയായി ശാസ്താവിന്റെ സന്നിധി മാറും.

അതിനോടൊപ്പം കേരളത്തിലെ വാദ്യവിദ്വാന്മാരുടെ നീണ്ടനിര ചെറുതും വലുതുമായ സംഘങ്ങളായി ഭഗവാന്റെ തിരുമുന്നിൽ വാദ്യമേളങ്ങൾ മുഴക്കി നാടിനെ ഉത്സവലഹരിയിൽ ആറാടിക്കും. ചെണ്ടമേളം കൂടാതെ, വിവിധങ്ങളായ കലാരൂപങ്ങൾ ആറാട്ടുഘോഷയാത്രയുടെ ഭാഗമായി അണിചേരും. കൊല്ലത്തിന്റെ നഗരമധ്യമായ ചിന്നക്കടയിൽ നിന്നും ആരംഭിക്കുന്ന പാർവതി മിൽ തൊഴിലാളികൾ സമർപ്പിക്കുന്ന കെട്ടുകാഴ്ചയാണ് ആദ്യം പുറപ്പെടുന്നത്. തുടർന്ന് വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും, സാംസ്കാരിക സംഘടനകളുടെയും നേർച്ചയായി സമർപ്പിക്കുന്ന കെട്ടുകാഴ്ചകൾ മുൻനിശ്ചയിച്ച പ്രകാരം സന്നിധിയിലെത്തി ഭഗവാനെ വണങ്ങി അനുഗ്രഹം തേടി, ആറാട്ടുഘോഷയാത്രയുടെ ഭാഗമായി വള്ളിക്കീഴ് ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെടുന്നു.

ആറാട്ട് ഘോഷയാത്രയും തിരിച്ചെഴുന്നള്ളത്തും

പുരുഷാരം വാളേന്തി ആറാട്ടിന് അകമ്പടി സേവിച്ച്, ക്ഷേത്രസന്നിധിയിൽ നിന്ന് പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ, ഗജരാജപ്പുറത്തേറി ഭക്തജനങ്ങളുടെ സംഗമത്തോടെ ആറാട്ടുകുളത്തിലേക്കുള്ള യാത്ര തുടങ്ങുകയായി.

ക്ഷേത്രത്തിൽ നിന്നും ചെള്ളിമുക്ക് വഴി ദേശീയപാതയിൽ എത്തി ആൽത്തറമൂട്ടിൽ നിന്നും മീനം കരക്കാരുടെ എടുപ്പുകുതിരയോടൊപ്പം ചേർന്ന്, ഒന്നിടവിട്ടുള്ള വർഷങ്ങളിൽ മീനം കരക്കാരുടെ എടുപ്പുകുതിര കാവനാട്ടുനിന്നുമാണ് ആറാട്ട് ഘോഷയാത്രയിൽ അനുഗമിക്കുന്നത്.

പള്ളിവേട്ടച്ചിറയിൽ നിന്നും പഴയ രാജപാതവഴി, പഴയ റോഡുവഴി ആറാട്ട്, വെൺകുളങ്ങര സ്കൂളിന്റെ മുന്നിലൂടെ, കാവനാട് ജംഗ്ഷനിൽ എത്തിച്ചേരുമ്പോൾ മറ്റ് ഘോഷയാത്രകളും, മീനം, ശക്തികുളങ്ങര കരകളുടെ എടുപ്പുകുതിരകളും കാവനാട് എത്തിച്ചേരുന്നു.

അയ്യന്റെ അകമ്പടി തുടർന്ന് പൂവൻപുഴയും കടന്ന് വള്ളിക്കീഴ് ക്ഷേത്രം എത്തുമ്പോൾ കെട്ടുകാഴ്ചകൾ വള്ളിക്കീഴ് ക്ഷേത്രസന്നിധിയിൽ പ്രവേശിക്കുകയും, ആറാട്ട് കന്നിമേൽ കരക്കാരുടെ എടുപ്പുകുതിരയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.

തുടർന്ന് ദേശീയപാതയിലൂടെ രാമൻകുളങ്ങരയിൽ നിന്നും ഇന്നത്തെ മാതൃഭൂമി ഓഫീസ് കടന്ന് കിഴക്കുള്ള വഴിയിൽ കുരീപ്പുഴ ഗംഗാദേവി ക്ഷേത്രത്തിന്റെ മുന്നിൽ എത്തുമ്പോൾ ആചാരപ്രകാരം ഭഗവാന് അകമ്പടിയായി ആറാട്ട് ഘോഷയാത്രയോടൊപ്പം കുടുംബക്കാർ വാളേന്തി ഭഗവാനെ അനുഗമിക്കുന്നു.

ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന വഴിയിൽ ഭക്തജനങ്ങൾ ദീപാലങ്കാരങ്ങളും, നിലവിളക്കും പറയും ഒരുക്കി കുഞ്ചാച്ചമനെ വരവേൽക്കുന്നു.

ആറാട്ടുദിവസത്തെ പറ എടുക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്.

ആറാട്ട് ഘോഷയാത്രയിൽ അണിനിരന്ന നിശ്ചലദൃശ്യങ്ങളും, വണ്ടിക്കുതിരയും, എടുപ്പുകുതിരകളും വള്ളിക്കീഴ് ക്ഷേത്രസന്നിധിയിൽ ആറാട്ട് കഴിഞ്ഞു വരുന്ന ധർമ്മശാസ്താവിനെ കാത്തുനിൽക്കുന്നു.

ആറാട്ട് ഘോഷയാത്ര കുരീപ്പുഴ കരയിലെ മാമ്മൂട്ടിൽ കടവിലെ ആറാട്ടുകുളത്തിലെത്തി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഭഗവാനെ ഇരുത്തി, ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആറാട്ടിനുള്ള ഒരുക്കങ്ങൾ നടത്തുന്നു. കുഞ്ചാച്ചമന്റെ ആറാട്ടിനു ശേഷമുള്ള കുളംകോരൽ കർമ്മമാണിത്.

ഉത്സവദിനങ്ങളിൽ ഭഗവാന് മുന്നിൽ വ്രതനിഷ്ഠയോടെ വിളക്കെടുക്കുന്ന ഭക്തകളുടെയും, ഉരുൾനേർച്ച നടത്തുന്ന ഭക്തജനങ്ങളുടെയും വ്രതം സമ്പൂർണ്ണതയിൽ എത്തുന്നത് ദേവൻ ആറാടിയ പുണ്യതീർത്ഥം ശിരസ്സിൽ തളിക്കുമ്പോഴാണ്.

പുണ്യതീർത്ഥത്തിൽ ആറാടിയശേഷം ഭഗവാൻ സർവ്വാഭരണവിഭൂഷിതനായി ആനപ്പുറത്ത് എഴുന്നള്ളി, പ്രഗൽഭരായ നാദസ്വരവിദ്വാന്മാരുടെ നാദാർച്ചന സ്വീകരിച്ച് വള്ളിക്കീഴ് ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു.

ആറാടി വരുന്ന ഭഗവാനെ വള്ളിക്കീഴ് ക്ഷേത്രസന്നിധിയിലേക്ക്, ക്ഷേത്രത്തിന്റെ കിഴക്കേ വാതിലിലൂടെ കുരീപ്പുഴ കരയുടെ എടുപ്പുകുതിര അകമ്പടി സേവിച്ച് ഭഗവാനെ സ്വീകരിക്കുന്നു.

ക്ഷേത്രസന്നിധിയിൽ എത്തുന്ന ഭഗവാൻ ദേവിക്ക് പുറംതിരിഞ്ഞുനിന്ന് മീനം കരക്കാരുടെ എടുപ്പുകുതിരയ്ക്ക് അനുഗ്രഹം നൽകുന്ന വേളയിൽ, ക്ഷേത്രം മേൽശാന്തി കരനായകന്മാർക്ക് ആറാട്ട് പ്രസാദം നൽകുന്നു.

തുടർന്ന് ക്ഷേത്രത്തിന്റെ തെക്കുവശത്തുകൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെത്തി, ആറാട്ടിന് അണിനിരന്ന എട്ടു ഗജവീരന്മാരോടൊപ്പം കുഞ്ചാച്ചമൻ എഴുന്നള്ളി നിൽക്കുന്ന വർണ്ണാഭവും ഭക്തിനിർഭരവുമായ കാഴ്ചയാണ് കാണാൻ കഴിയുന്നത്.

തുടർന്ന് നാദസ്വരക്കച്ചേരിക്ക് ശേഷം ഭഗവാൻ ശക്തികുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെടും.

ആറാടി വരുന്ന ഭഗവാനെ എട്ടു വർഷവും ചെള്ളിമുക്ക്, പൂവൻപുഴ, കാവനാട് അന്നേദിവസങ്ങളിൽ നടത്തിവരാറുള്ള നാദസ്വരക്കച്ചേരി ആസ്വദിച്ച് കാവനാട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് പഴയ രാജപാതയിലൂടെ ആൽത്തറമൂടുവഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.

ആറാട്ടിന് അണിനിരന്ന എട്ടു ഗജവീരന്മാരോടൊപ്പം ക്ഷേത്രസന്നിധിയിലെത്തിയ ഭഗവാൻ ക്ഷേത്രഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച്, ക്ഷേത്രത്തിന് എട്ടുവലംവെച്ച് കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഭഗവാനെ ഇരുത്തി ഉത്സവ ആഘോഷങ്ങളുടെ കൊടിയിറക്കം നടത്തുന്നു.